Saturday 24 August 2013

ഓണവും ഇത്തിരി ഓര്‍മ്മകളും

അമ്മയുടെ മടിത്തട്ടിലാണ് എന്റെ ഭൂതകാലമെന്നു അറിയാം . വര്‍ത്തമാനകാലം അച്ഛന്റെ പൈതൃകത്തെ സ്വീകരിച്ചു ഊറ്റം കൊള്ളുന്നു എന്നും അറിയാം . പക്ഷെ ഭാവികാലം ? അതാരുടെ നെടുവീര്‍പ്പിലും നിശ്വാസത്തിലുമാണ് ഉണര്‍ച്ച നേടുന്നത് ? മനസ്സിന്‍റെ കാട് തീണ്ടലിനെ തടുത്ത് ഉറക്കത്തിലേക്ക് ഒന്ന് പോവാംന്ന് കരുതി . മഴയൊക്കെ കഴിഞ്ഞു , മഴപ്പൂക്കള്‍ ഇപ്പൊ മുറ്റത്ത്‌ ചിതറി വീഴാറില്ല , തൂവാനത്തിന്‍റെ കുറുമ്പ് കൈകള്‍ മുറിക്കുള്ളിലേക്ക് പതുങ്ങിയെത്താറില്ല  . എങ്കിലും രാവിലെപ്പോഴോ ഉറക്കത്തിന്റെയും സ്വപ്നങ്ങളുടെയും ചില്ലുകൊട്ടാരം കടന്നു മനസ്സ് ഉണര്‍ന്ന നേരം ഇരുളിലേക്ക് മിഴി തുറന്നപ്പോള്‍ മുറിക്കുള്ളിലാകെ  ചിങ്ങ നിലാവിന്‍റെ പകര്‍ന്നാട്ടം . ഒരു പുഞ്ചിരിയോടെ വന്ന നിലാവിനെ ഞാന്‍ എന്റെ കൈക്കുമ്പിളിലും മനസ്സിലും ചേര്‍ത്ത് വച്ചിട്ടുണ്ട് .  ആവശ്യമെന്ന് തോന്നുമ്പോള്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി , നിലാവിന്‍റെ കണികകള്‍ ഞാന്‍ തന്നയക്കാം .എനിക്ക് ഏറ്റോം ഇഷ്ടമുള്ള പൂവാണ് ഗന്ധരാജന്‍ പൂവ് . അതിന്‍റെ മണം കിട്ടുന്ന പോലെ തോന്നുന്നു . ഈ മണം എന്തേ ഇത്ര ഇഷ്ടംന്നു ചോദിച്ചാല് എന്താ പറയണ്ടേ ? ആവോ അറിയില്ല . ആര്‍ക്കെലുമൊക്കെ ഗന്ധരാജന്‍ പൂവിന്റെ മണം ഇഷ്ടമാവുമാരിക്കും ,ല്ലേ :) നമുക്ക് ഒരുമിച്ചു ഒരു യാത്ര പോയാലോ ? മഴയില്‍ കുതിര്‍ന്നു നിന്നിരുന്ന ചെടികള്‍ ചിങ്ങ വെയിലില്‍ പൂവിട്ടു , തലയാട്ടി , നമ്മളെ നോക്കി ചിരിക്കുന്നത് കാണാന്‍ പോവാം . ഓണത്തുമ്പികള്‍ പൂക്കള്‍ക്ക് ചുറ്റും പറന്നു നടക്കുന്നത് കാണാം . ഒരു നല്ല കാഴ്ച കാണാറുണ്ട് ഓണക്കാലത്ത്  - തുണി അലക്കി കഴിഞ്ഞു ഉണക്കാനിടുന്ന അയയില്‍ ഓണത്തുമ്പികള്‍ വരിയായി വന്നിരിക്കും :) അയയില്‍ ഒന്ന് തട്ടിക്കൊടുത്താല്‍ പറന്നു പൊങ്ങുന്നതും കാണാം . ഈ കാഴ്ചകളൊക്കെ നമുക്ക് കാണാം . ഈ ഓണക്കാലത്ത് ഒന്നിച്ചു നടക്കാന്‍ പോവുമ്പോ അമ്മ തയ്യാറാക്കിയ കായുപ്പേരിയും ചക്കരവരട്ടിയും പിന്നെ കടുകടയ്ക്ക ( കളിയടയ്ക്ക എന്നും പറയാറുണ്ടത്രേ ) കയ്യില്‍ പൊതിഞ്ഞെടുക്കാം . മഴയെ വഴക്ക് പറഞ്ഞവര്‍ ഉയ്യോ എന്തൊരു വെയിലെന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട് :) . നമ്മള്‍ മാത്രം മഴയെ കുറ്റം പറഞ്ഞില്ലല്ലോ . . നമുക്കെല്ലാം നിറയെ സംസാരിക്കാം , കുറുമ്പ്കാട്ടി കളിക്കാം .

                                   ഇനിയിപ്പോ അലമാരയ്ക്ക് പുതിയ ഉടുപ്പുകളുടെ ഒരു പ്രത്യേക മണമാണ് . കുഞ്ഞുന്നാളില്‍ അത് ഓണക്കാലത്ത് കിട്ടുന്ന പട്ടുപാവാടയുടെ പുത്തന്‍ മണമായിരുന്നു :) എന്തൊക്കെ വിശേഷങ്ങളാ പറയാന്‍ ഉള്ളതെന്ന് അറിയാമോ .. വായാടീ എന്ന് വിളിക്കാന്‍ തോന്നുന്നുണ്ടാവും അല്ലെ ? വിളിച്ചാലും സാരമില്ല :P . എല്ലാം എന്‍റെ കുഞ്ഞുകുഞ്ഞു ഓര്‍മ്മകളല്ലേ . ഊഞ്ഞാല്‍ കളികളെ കുറിച്ച് ഞാന്‍ പറഞ്ഞില്ലാല്ലോ . ഓണക്കാലത്ത് മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ കേറാന്‍ എന്തിഷ്ടമായിരുന്നു എന്നോ . പക്ഷെ ഇത്തിരി ആയത്തില്‍ ആരെങ്കിലും ഊഞ്ഞാല്‍ ആട്ടിയാല്‍ തീര്‍ന്നു എന്‍റെ കഥ . ഉയ്യോ...ന്നു വിളിച്ചു കൂവി കുളമാക്കും പിന്നെ :)  ഇത്തവണ ഓണത്തിനു സന്തോഷിക്കാന്‍ ഒരു കുഞ്ഞു കാരണം കൂടിയുണ്ട് , എന്‍റെ ഏറ്റോം ഇഷ്ടമുള്ള , എന്റെ കൂട്ടുകാരിയും ചേച്ചിയും ഒക്കെയായ ഉമേച്ചിയുടെ ആ കുഞ്ഞു സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു :D. പൂക്കളം ഇടുമാരുന്നു . പണ്ടൊക്കെ..ആ നല്ല ശീലങ്ങള്‍ ഒന്നും ഇപ്പൊ കയ്യില്‍ ഇല്ലല്ലോ ന്നു ഓര്‍ക്കുമ്പോ ഒരു കുറ്റബോധം . തുമ്പപൂവും മുക്കുറ്റിയും പിച്ചിയെടുക്കാന്‍ വല്ല്യ ബുദ്ധിമുട്ടാണ് . തൊട്ടാവാടി പൂവും അങ്ങനെ തന്നെ . എന്നാലും പൂക്കളം ഇട്ടു കഴിയുമ്പോ ഒരു അഭിമാനവും സന്തോഷവും ഒക്കെയാരുന്നു . പടത്തിലൊക്കെ കാണും പോലെ വല്ല്യ ചിത്രമൊന്നും വരച്ചുള്ള പൂക്കളം അല്ല , നാടന്‍ പൂവുകള്‍ അടുക്കിയും ഇട കലര്‍ത്തിയും ഇടുന്ന കുഞ്ഞി പൂക്കളങ്ങള്‍ .ചാണകം കൊണ്ട് മെഴുകി അതിന്‍റെ മീതെയാണ് പൂവിടുന്നെ. പരീക്ഷയുടെ പേടിയൊക്കെ കഴിഞ്ഞിട്ട് ഓണം വരുമ്പോ എന്ത് സന്തോഷമാണ് .


                                    ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ആഘോഷങ്ങള്‍ ഉണ്ടാവും അല്ലെ ഓണക്കാലത്ത് ? ഒരിക്കല്‍ മാത്രം ഞാന്‍ പുലിക്കളി കണ്ടിട്ടുണ്ട് , അന്ന് പുലി വരുമ്പോ പേടിക്കുവേം ചെയ്തു . നമ്മുടെ ചിങ്ങമാസത്ത്തിനു , ഓണക്കാലത്തിന് എന്തെല്ലാം മണമാണ് . പായസത്തിന്‍റെ, ഉപ്പേരി വറുക്കുന്നത്തിന്‍റെ , പൂക്കളുടെ , പുത്തന്‍ ഉടുപ്പിന്‍റെ നല്ല മണങ്ങള്‍ . ഓണക്കാലത്ത് പണ്ടെന്നോ ദൂരദര്‍ശനില്‍ വന്ന ഒരു പാട്ടുണ്ട് , മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആ ഗാനരംഗത്തില്‍ വന്നിട്ടുണ്ടോ എന്നൊരു ഓര്‍മ്മ . " ഓണക്കോടി ഉടുത്തൂ മാനം മേഘ കസവാലെ വെണ്‍മേഘ കസവാലെ "...ന്നു തുടങ്ങുന്ന  ആ പാട്ട് എനിക്കെന്തിഷ്ടമാണെന്നോ ...
                                                                ഈ ഓണവും നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റണം . നിറകതിരുകള്‍ വാതില്‍ക്കല്‍ തൂക്കിയിട്ടു , ഐശ്വര്യത്തെ വരവേല്‍ക്കുന്ന ഈ ഓണം , അരികെയും അകലങ്ങളിലുമായുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നല്ലതായി മാറട്ടെ . നമ്മുടെ മനസ്സും പ്രാര്‍ഥനയും , അതില്‍ സ്വാര്‍ഥത വേണ്ടാല്ലേ , എല്ലാര്‍ക്കും വേണ്ടിയാവട്ടെ അവയൊക്കെയും .

                                                                                                                             ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു ,അമ്മാത്തെക്ക് എത്തിയുമില്ല എന്നാവും ഞാന്‍ പറഞ്ഞു തുടങ്ങിയാല് . ( എന്തേ ? വിളിക്കുന്നില്ലേ വായാടീ ന്നു :P ) . എല്ലാ ആളുകള്‍ക്കും ഒരു നല്ല ഓണക്കാലം ഉണ്ടാവട്ടെ :) നോയമ്പ് കാലം , രാമായണമാസം എല്ലാം കഴിഞ്ഞിട്ടല്ലേ ഓണം വരുന്നത് . അത് നമുക്ക്ആഘോഷിച്ചേക്കാം . ഇപ്പൊ ഉള്ളിലെവിടെയോ ഒരു തിരുവാതിര പാട്ടിന്‍റെ ഈണം മുഴങ്ങും പോലെ....


( ചിത്രത്തിനു നന്ദി പറയുന്നത് ഗൂഗിളിനോടാണ് , പിന്നെ ഒരു തമാശ തോന്നിയത് എന്താണെന്നോ ,എനിക്കും ഇങ്ങനത്തെ കാക്കിരി പീക്കിരി പൂക്കളം ഇടാനെ അറിയുള്ളൂ :D )

Saturday 1 June 2013

എന്‍റെ പുനര്‍ജ്ജനി.....




            നിങ്ങള്‍ പറയും പോലെ ഈ കണ്ണുകളില്‍ ഞാന്‍ എന്നെ ഒളിച്ചു വച്ചിട്ടില്ലല്ലോ .  ഇരുട്ടറകളില്‍ നിന്നും അകലെയായ് കാണുന്ന സൂര്യോദയത്തിലേക്ക് ഞാന്‍ അവയെ  തുറന്നു വയ്ക്കുക മാത്രമാണ് ചെയ്തത് . ആയിരം കിരണങ്ങളുടെ തീക്ഷ്ണത ഏറ്റു വാങ്ങുമ്പോള്‍ മാത്രമേ ഞാന്‍ എന്‍റെ കണ്ണുകള്‍ തെല്ലിട ചിമ്മാറുള്ളൂ  . അത് ഒരു ഒളിപ്പിച്ചു വയ്ക്കലല്ല  , എന്‍റെ നിസ്സഹായതയാകുന്നു . എന്‍റെ കണ്ണുകള്‍ ഞാന്‍ തുറക്കാന്‍ ശ്രമിക്കുന്നത് എന്‍റെ പുനര്‍ജ്ജനിയിലേക്കാണ് . ആത്മാവില്‍ എവിടെയെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് പുനര്‍ജ്ജനിക്കണം , സ്നേഹിക്കുന്നവരുടെ മനസ്സുകളിലൂടെ എനിക്ക് ഒരു പുനര്‍ജ്ജന്മം വേണം . നിങ്ങളുടെ  മനസ്സിന്‍റെ കരുണകളുടെ  ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞു ജീവനായി മുളയ്ക്കുവാന്‍ ഒരു ആഗ്രഹം ( അതോ അത്യാഗ്രഹമോ ? ) ...

                                                                                                                      മഴ പെയ്യുന്ന പുലരികളില്‍ , തൂവാനമേറ്റ് നനയുന്ന സായാഹ്നങ്ങളില്‍ , അമ്മയുടെ മടിത്തട്ടിലേക്ക് ചുരുണ്ട് കൂടി അഭയം പ്രാപിക്കുന്ന നിമിഷങ്ങളില്‍ , ഞാന്‍ കാണുന്നത് എന്‍റെ പുനര്‍ജ്ജനിയല്ലേ ...ഒരിത്തിരി സങ്കടം മനസ്സിന്‍റെ ഏതോ കോണില്‍ പുതു നാമ്പുകള്‍ നീട്ടി ഉയിരു തേടാന്‍ നല്ലപോലെ ശ്രമിക്കുന്നു .അതൊക്കെ തട്ടി മാറ്റി മെല്ലേ നടന്നു പോവാന്‍ തോന്നുന്നു ..അര്‍ത്ഥശൂന്യമായ ജല്പനങ്ങളില്‍ നിന്നും അര്‍ത്ഥവത്തായ മറ്റേതോ ലോകത്തേയ്ക്ക് മനസ്സിനെ നടത്തിക്കണം .. കുഞ്ഞുന്നാളിലെ പോലെ , ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കണം ... എനിക്കുറപ്പാണ് , ഒരിത്തിരി   നൊമ്പരം   പോലും അവശേഷിപ്പിക്കാതെ   ഞാന്‍ എന്‍റെ പുനര്‍ജ്ജനിയിലേക്ക് നടന്നെത്തുമെന്ന്.....ഒരു നല്ല ലോകത്തേയ്ക്ക്  പ്രിയപ്പെട്ടവരെയും കൊണ്ട് പോവാന്‍ പറ്റുമെന്ന് ... മൃതിയിലേക്കല്ല , ദുഃഖത്തിലെക്കല്ല  , ജനിയുടെ സന്തോഷങ്ങളിലേക്ക്...


                                  


                                                       




Friday 31 May 2013

എല്ലാ മഴക്കുട്ടികള്‍ക്കും വേണ്ടി ....

                                                             ഇത് ഇടവപ്പാതിയുടെ കാലം  . മുറ്റത്തും തൊടിയിലുമെല്ലാം മഴത്തുള്ളികളുടെ കിലുക്കം കേള്‍ക്കുന്ന കാലം . രാത്രിയില്‍ തണുപ്പ് പുതച്ചുറങ്ങുമ്പോള്‍ ഇരുട്ടില്‍ നിന്നും മഴയുടെ ആരവം  . ഇടയ്ക്കെപ്പോഴൊക്കെയോ കാതടപ്പിക്കുന്ന ഇടിനാദം  . മിന്നലിന്റെ തീക്ഷ്ണ വെളിച്ചം .. ഉറക്കത്തിലേക്ക് വഴുതുമ്പോള്‍ ദേഹത്ത് മഴയുടെ കുളിരേകുന്ന സ്പര്‍ശം , തൊടാതെ തൊടുന്ന മഴക്കൈകള്‍ .
                                                               



 രാവിലെ ഉറക്കമുണരുമ്പോള്‍ ജനാലയുടെ ചില്ലില്‍ മഴയുടെ വിരല്‍പാടുകള്‍ കണി കാണുന്ന പ്രഭാതങ്ങള്‍ ..    ഉറക്കത്തിന്‍റെ ആലസ്യം വിട്ടുമാറും മുന്‍പ് തലേന്ന് രാത്രി പെയ്ത മഴ തോരാതെ കാത്ത് നിക്കുന്നുണ്ടോ എന്നറിയാനുള്ള ആകാംക്ഷ  . ജനാല തുറക്കുമ്പോള്‍ മുറിക്കുള്ളിലേക്ക്  പതുങ്ങിയെത്തുന്ന മഴക്കുളിര് .
                 




                                                             

                                                                                                                      മനസ്സില്‍ നൂറ്നൂറു മഴച്ചിത്രങ്ങള്‍ തെളിയുമ്പോ അറിയാതെ മനസ്സില്‍ വരുന്ന മഴപ്പാട്ടുകള്‍ , കവിതകള്‍ . മഴക്കാലം അതിന്‍റെ സമസ്ത സൌന്ദര്യങ്ങളും ആവാഹിച്ചു നടമാടുമ്പോള്‍ മനസ്സിലെ വേനല്‍ചിത്രം മാഞ്ഞു പോവുന്നു .
                                                                                                                           ഇത് ഞാന്‍ അടുത്തിടെ മാത്രം കണ്ടുമുട്ടിയ ഉമേച്ചിക്ക് വേണ്ടി എഴുതുന്നു . അവരുടെ വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നു -->  "നേർത്ത  മഴക്കുളിരിൽ,,,,,,,,,,,,,അൽപ്പം  ഇരുണ്ട നിറമുള്ള  ആകാശത്തോടൊപ്പം ,,,,,,,,, കടലിനോടൊപ്പം,,,,,,,,,,,,,,,,,,മഴയോടൊപ്പം ,,,,,,,,,,,,,,,,,," ...
                                                                                                            പുതുമണ്ണിന്റെ ഗന്ധം ആസ്വദിച്ചു , മഴ കണ്ടു ,മഴ നനഞ്ഞു  ,വീണു കിടക്കുന്ന മഴത്തുള്ളികളിലെ ആയിരം സൂര്യന്മാരെ കണ്ടു നമുക്ക് ഇനിയും ഒരുപാട് മഴക്കാലങ്ങളെ വരവെല്‍ക്കണം .. ഓര്‍മ്മയുടെ ചെപ്പില്‍ കാത്തു സൂക്ഷിക്കാന്‍ മഴയുടെ നല്ല ഓര്‍മ്മകള്‍ വേണം  . ഇടവപ്പാതി ഹൃദ്യമായി തീരട്ടെ ...
                                                                                                            സസ്നേഹം ......
                                                                                                                  മഴക്കുട്ടി ....