Saturday, 24 August 2013

ഓണവും ഇത്തിരി ഓര്‍മ്മകളും

അമ്മയുടെ മടിത്തട്ടിലാണ് എന്റെ ഭൂതകാലമെന്നു അറിയാം . വര്‍ത്തമാനകാലം അച്ഛന്റെ പൈതൃകത്തെ സ്വീകരിച്ചു ഊറ്റം കൊള്ളുന്നു എന്നും അറിയാം . പക്ഷെ ഭാവികാലം ? അതാരുടെ നെടുവീര്‍പ്പിലും നിശ്വാസത്തിലുമാണ് ഉണര്‍ച്ച നേടുന്നത് ? മനസ്സിന്‍റെ കാട് തീണ്ടലിനെ തടുത്ത് ഉറക്കത്തിലേക്ക് ഒന്ന് പോവാംന്ന് കരുതി . മഴയൊക്കെ കഴിഞ്ഞു , മഴപ്പൂക്കള്‍ ഇപ്പൊ മുറ്റത്ത്‌ ചിതറി വീഴാറില്ല , തൂവാനത്തിന്‍റെ കുറുമ്പ് കൈകള്‍ മുറിക്കുള്ളിലേക്ക് പതുങ്ങിയെത്താറില്ല  . എങ്കിലും രാവിലെപ്പോഴോ ഉറക്കത്തിന്റെയും സ്വപ്നങ്ങളുടെയും ചില്ലുകൊട്ടാരം കടന്നു മനസ്സ് ഉണര്‍ന്ന നേരം ഇരുളിലേക്ക് മിഴി തുറന്നപ്പോള്‍ മുറിക്കുള്ളിലാകെ  ചിങ്ങ നിലാവിന്‍റെ പകര്‍ന്നാട്ടം . ഒരു പുഞ്ചിരിയോടെ വന്ന നിലാവിനെ ഞാന്‍ എന്റെ കൈക്കുമ്പിളിലും മനസ്സിലും ചേര്‍ത്ത് വച്ചിട്ടുണ്ട് .  ആവശ്യമെന്ന് തോന്നുമ്പോള്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി , നിലാവിന്‍റെ കണികകള്‍ ഞാന്‍ തന്നയക്കാം .എനിക്ക് ഏറ്റോം ഇഷ്ടമുള്ള പൂവാണ് ഗന്ധരാജന്‍ പൂവ് . അതിന്‍റെ മണം കിട്ടുന്ന പോലെ തോന്നുന്നു . ഈ മണം എന്തേ ഇത്ര ഇഷ്ടംന്നു ചോദിച്ചാല് എന്താ പറയണ്ടേ ? ആവോ അറിയില്ല . ആര്‍ക്കെലുമൊക്കെ ഗന്ധരാജന്‍ പൂവിന്റെ മണം ഇഷ്ടമാവുമാരിക്കും ,ല്ലേ :) നമുക്ക് ഒരുമിച്ചു ഒരു യാത്ര പോയാലോ ? മഴയില്‍ കുതിര്‍ന്നു നിന്നിരുന്ന ചെടികള്‍ ചിങ്ങ വെയിലില്‍ പൂവിട്ടു , തലയാട്ടി , നമ്മളെ നോക്കി ചിരിക്കുന്നത് കാണാന്‍ പോവാം . ഓണത്തുമ്പികള്‍ പൂക്കള്‍ക്ക് ചുറ്റും പറന്നു നടക്കുന്നത് കാണാം . ഒരു നല്ല കാഴ്ച കാണാറുണ്ട് ഓണക്കാലത്ത്  - തുണി അലക്കി കഴിഞ്ഞു ഉണക്കാനിടുന്ന അയയില്‍ ഓണത്തുമ്പികള്‍ വരിയായി വന്നിരിക്കും :) അയയില്‍ ഒന്ന് തട്ടിക്കൊടുത്താല്‍ പറന്നു പൊങ്ങുന്നതും കാണാം . ഈ കാഴ്ചകളൊക്കെ നമുക്ക് കാണാം . ഈ ഓണക്കാലത്ത് ഒന്നിച്ചു നടക്കാന്‍ പോവുമ്പോ അമ്മ തയ്യാറാക്കിയ കായുപ്പേരിയും ചക്കരവരട്ടിയും പിന്നെ കടുകടയ്ക്ക ( കളിയടയ്ക്ക എന്നും പറയാറുണ്ടത്രേ ) കയ്യില്‍ പൊതിഞ്ഞെടുക്കാം . മഴയെ വഴക്ക് പറഞ്ഞവര്‍ ഉയ്യോ എന്തൊരു വെയിലെന്നു പറയാന്‍ തുടങ്ങിയിട്ടുണ്ട് :) . നമ്മള്‍ മാത്രം മഴയെ കുറ്റം പറഞ്ഞില്ലല്ലോ . . നമുക്കെല്ലാം നിറയെ സംസാരിക്കാം , കുറുമ്പ്കാട്ടി കളിക്കാം .

                                   ഇനിയിപ്പോ അലമാരയ്ക്ക് പുതിയ ഉടുപ്പുകളുടെ ഒരു പ്രത്യേക മണമാണ് . കുഞ്ഞുന്നാളില്‍ അത് ഓണക്കാലത്ത് കിട്ടുന്ന പട്ടുപാവാടയുടെ പുത്തന്‍ മണമായിരുന്നു :) എന്തൊക്കെ വിശേഷങ്ങളാ പറയാന്‍ ഉള്ളതെന്ന് അറിയാമോ .. വായാടീ എന്ന് വിളിക്കാന്‍ തോന്നുന്നുണ്ടാവും അല്ലെ ? വിളിച്ചാലും സാരമില്ല :P . എല്ലാം എന്‍റെ കുഞ്ഞുകുഞ്ഞു ഓര്‍മ്മകളല്ലേ . ഊഞ്ഞാല്‍ കളികളെ കുറിച്ച് ഞാന്‍ പറഞ്ഞില്ലാല്ലോ . ഓണക്കാലത്ത് മാവിന്‍ കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ കേറാന്‍ എന്തിഷ്ടമായിരുന്നു എന്നോ . പക്ഷെ ഇത്തിരി ആയത്തില്‍ ആരെങ്കിലും ഊഞ്ഞാല്‍ ആട്ടിയാല്‍ തീര്‍ന്നു എന്‍റെ കഥ . ഉയ്യോ...ന്നു വിളിച്ചു കൂവി കുളമാക്കും പിന്നെ :)  ഇത്തവണ ഓണത്തിനു സന്തോഷിക്കാന്‍ ഒരു കുഞ്ഞു കാരണം കൂടിയുണ്ട് , എന്‍റെ ഏറ്റോം ഇഷ്ടമുള്ള , എന്റെ കൂട്ടുകാരിയും ചേച്ചിയും ഒക്കെയായ ഉമേച്ചിയുടെ ആ കുഞ്ഞു സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു :D. പൂക്കളം ഇടുമാരുന്നു . പണ്ടൊക്കെ..ആ നല്ല ശീലങ്ങള്‍ ഒന്നും ഇപ്പൊ കയ്യില്‍ ഇല്ലല്ലോ ന്നു ഓര്‍ക്കുമ്പോ ഒരു കുറ്റബോധം . തുമ്പപൂവും മുക്കുറ്റിയും പിച്ചിയെടുക്കാന്‍ വല്ല്യ ബുദ്ധിമുട്ടാണ് . തൊട്ടാവാടി പൂവും അങ്ങനെ തന്നെ . എന്നാലും പൂക്കളം ഇട്ടു കഴിയുമ്പോ ഒരു അഭിമാനവും സന്തോഷവും ഒക്കെയാരുന്നു . പടത്തിലൊക്കെ കാണും പോലെ വല്ല്യ ചിത്രമൊന്നും വരച്ചുള്ള പൂക്കളം അല്ല , നാടന്‍ പൂവുകള്‍ അടുക്കിയും ഇട കലര്‍ത്തിയും ഇടുന്ന കുഞ്ഞി പൂക്കളങ്ങള്‍ .ചാണകം കൊണ്ട് മെഴുകി അതിന്‍റെ മീതെയാണ് പൂവിടുന്നെ. പരീക്ഷയുടെ പേടിയൊക്കെ കഴിഞ്ഞിട്ട് ഓണം വരുമ്പോ എന്ത് സന്തോഷമാണ് .


                                    ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ആഘോഷങ്ങള്‍ ഉണ്ടാവും അല്ലെ ഓണക്കാലത്ത് ? ഒരിക്കല്‍ മാത്രം ഞാന്‍ പുലിക്കളി കണ്ടിട്ടുണ്ട് , അന്ന് പുലി വരുമ്പോ പേടിക്കുവേം ചെയ്തു . നമ്മുടെ ചിങ്ങമാസത്ത്തിനു , ഓണക്കാലത്തിന് എന്തെല്ലാം മണമാണ് . പായസത്തിന്‍റെ, ഉപ്പേരി വറുക്കുന്നത്തിന്‍റെ , പൂക്കളുടെ , പുത്തന്‍ ഉടുപ്പിന്‍റെ നല്ല മണങ്ങള്‍ . ഓണക്കാലത്ത് പണ്ടെന്നോ ദൂരദര്‍ശനില്‍ വന്ന ഒരു പാട്ടുണ്ട് , മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആ ഗാനരംഗത്തില്‍ വന്നിട്ടുണ്ടോ എന്നൊരു ഓര്‍മ്മ . " ഓണക്കോടി ഉടുത്തൂ മാനം മേഘ കസവാലെ വെണ്‍മേഘ കസവാലെ "...ന്നു തുടങ്ങുന്ന  ആ പാട്ട് എനിക്കെന്തിഷ്ടമാണെന്നോ ...
                                                                ഈ ഓണവും നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റണം . നിറകതിരുകള്‍ വാതില്‍ക്കല്‍ തൂക്കിയിട്ടു , ഐശ്വര്യത്തെ വരവേല്‍ക്കുന്ന ഈ ഓണം , അരികെയും അകലങ്ങളിലുമായുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നല്ലതായി മാറട്ടെ . നമ്മുടെ മനസ്സും പ്രാര്‍ഥനയും , അതില്‍ സ്വാര്‍ഥത വേണ്ടാല്ലേ , എല്ലാര്‍ക്കും വേണ്ടിയാവട്ടെ അവയൊക്കെയും .

                                                                                                                             ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു ,അമ്മാത്തെക്ക് എത്തിയുമില്ല എന്നാവും ഞാന്‍ പറഞ്ഞു തുടങ്ങിയാല് . ( എന്തേ ? വിളിക്കുന്നില്ലേ വായാടീ ന്നു :P ) . എല്ലാ ആളുകള്‍ക്കും ഒരു നല്ല ഓണക്കാലം ഉണ്ടാവട്ടെ :) നോയമ്പ് കാലം , രാമായണമാസം എല്ലാം കഴിഞ്ഞിട്ടല്ലേ ഓണം വരുന്നത് . അത് നമുക്ക്ആഘോഷിച്ചേക്കാം . ഇപ്പൊ ഉള്ളിലെവിടെയോ ഒരു തിരുവാതിര പാട്ടിന്‍റെ ഈണം മുഴങ്ങും പോലെ....


( ചിത്രത്തിനു നന്ദി പറയുന്നത് ഗൂഗിളിനോടാണ് , പിന്നെ ഒരു തമാശ തോന്നിയത് എന്താണെന്നോ ,എനിക്കും ഇങ്ങനത്തെ കാക്കിരി പീക്കിരി പൂക്കളം ഇടാനെ അറിയുള്ളൂ :D )